ഇന്ത്യയില്‍ നിന്നും മടങ്ങുന്ന താമസവീസയുള്ളവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയാല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട.
ദോഹ : കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഖത്തറും പ്രഖ്യാപിച്ചു. പുതുക്കിയ യാത്രാ, പ്രവേശന, ക്വാറന്റൈന്‍ മാനദണ്ഡ പ്രകാരം ഇന്ത്യയില്‍ നിന്നും എത്തുന്ന റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കും കഴിഞ്ഞ ഒമ്പത് മാസത്തിന്നിടെ കോവിഡ് വന്ന് ഭേദപ്പെട്ടവര്‍ക്കും ഇന്ത്യയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ നിര്‍ദ്ദേശിച്ചിരുന്ന നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഇനി മുതല്‍ ആവശ്യമില്ല.
യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഖത്തറില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ പരിശോധന വേണം.
വാക്‌സിന്‍ എടുക്കാത്ത, കോവിഡ് മുക്തരായ മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്കും ഇതേ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും.
അതേസമയം, കോവിഡ് വാക്‌സിന്‍ എടുത്തവരുടെ സര്‍ട്ടിഫിക്കേറ്റിന് കാലാവധിയും ഖത്തര്‍ നിശ്ചയിച്ചിട്ടുണ്ട്.ഫൈസര്‍, ആസ്‌ട്രോ സിന്‍ക (കോവിഷീല്‍ഡ്) തുടങ്ങിയ വാക്‌സിനുകള്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ എടുത്തു കഴിഞ്ഞവരുുടെ സര്‍ട്ടിഫിക്കേറ്റിന് ഒമ്പത് മാസമാണ് കാലാവധി.
അതേസമയം, കോവാക്‌സിന്‍, സിനോഫാം തുടങ്ങിയ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കുത്തിവെപ്പ് എടുത്ത് പതിനാലു ദിവസം കഴിഞ്ഞ ശേഷം ആറു മാസമായിരിക്കും സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി.