അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ യുഎഇ. പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്താണ് സേവനത്തിനു വേഗം കൂട്ടുക. നീതിന്യായ വ്യവസ്ഥയിലുടനീളം കൃത്യത, സുരക്ഷ, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ക്രിമിനൽ കേസ് പൂർത്തിയാക്കുന്നതിന് ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം.
പരാതികൾ വിലയിരുത്തുക, തെളിവുകൾ വിശകലനം ചെയ്യുക, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ പുതിയ എഐ സംവിധാനം ഉപയോഗിക്കുന്നതോടെ പ്രോസിക്യൂട്ടർക്ക് കേസ് അതിവേഗം പൂർത്തിയാക്കാനാകുമെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫിസിലെ ചീഫ് പ്രോസിക്യൂട്ടർ ചാൻസലർ സലീം അൽ സാബി പറഞ്ഞു.
അബുദാബിയിൽ നടന്ന ഗവേണൻസ് ഓഫ് എമർജിങ് ടെക്നോളജീസ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. പബ്ലിക് പ്രോസിക്യൂഷന്റെ 2045 റോഡ്മാപ്പിന്റെ ഭാഗമാണിത്. അന്വേഷണങ്ങൾ ഡിജിറ്റലൈസ് ചെയ്യുക, തെളിവുകൾ സുരക്ഷിതമാക്കാൻ ബ്ലോക്ക്ചെയിൻ ഉപയോഗിക്കുക, വെർച്വൽ ക്രൈം സീൻ സിമുലേഷനുകൾ ആരംഭിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
പരാതി ഫയൽ ചെയ്യുന്നതു മുതൽ തീർപ്പാക്കുന്നതുവരെ നിയമ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നിർമിത ബുദ്ധി ഉൾപ്പെടുത്തും. തെളിവുകൾ തമ്മിലുള്ള വൈരുധ്യങ്ങൾ തിരിച്ചറിയാനും റിപ്പോർട്ടുകൾ മനസ്സിലാക്കി കേസുകൾ സംഗ്രഹിക്കാനും എഐ ഉപയോഗിക്കുമെന്ന് അൽസാബി പറഞ്ഞു.
ഓരോ കേസിന്റെയും അടിയന്തര സ്വഭാവവും പ്രാധാന്യവും അടിസ്ഥാനമാക്കി പൊലീസ് റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനും പ്രോസിക്യൂട്ടർമാരെ വേഗത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുന്നതിനും എഐ സഹായിക്കും. സാങ്കേതികവിദ്യ വേഗതയും കൃത്യതയും വർധിപ്പിക്കുമെങ്കിലും പിന്തുണയ്ക്കായി മാത്രമെ അവയെ ഉപയോഗിക്കൂവെന്നും പകരക്കാരനാക്കില്ലെന്നും വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കുന്നത് പ്രോസിക്യൂട്ടർമാർ തന്നെയായിരിക്കും.
∙ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കാൻ ബ്ലോക്ക് ചെയിൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനൊപ്പം ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നതിന് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കും. പിടിച്ചെടുത്ത വസ്തുക്കൾ ട്രാക്ക് ചെയ്യാനും ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് ഉപയോഗിക്കും.ആർക്കും ഈ തെളിവുകളിലേക്കു പ്രവേശിക്കാനോ മാറ്റാനോ കഴിയില്ലെന്നും ഉറപ്പാക്കും. കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ ആധികാരികവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കാൻ ബ്ലോക്ക്ചെയിൻ പ്രോസിക്യൂഷനെ സഹായിക്കും.
∙ ത്രീഡി സിമുലേഷൻ
ക്രൈം സീനുകൾ പുനരാവിഷ്കരിക്കാൻ വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാൻ പ്രോസിക്യൂഷൻ പദ്ധതിയിടുന്നു. വിദേശത്തുള്ള പബ്ലിക് പ്രോസിക്യൂഷൻ ഓഫിസുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും. അവകാശ സംരക്ഷണത്തിനും നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാനും കൃത്യമായ നീതി ലഭ്യമാക്കാനുമാണ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്നും അധികൃതർ വിശദീകരിച്ചു.











