കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു
ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്.
ചോറ്റാനിക്കരയില്‍ വലിയ ജനക്കൂട്ടമാണ് പോലീസിനേയും കെ റെയില്‍ ഉദ്യോഗസ്ഥരേയും തടയാനായി എത്തിയത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥരും മടങ്ങിപ്പോയി.
യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയതും ബലപ്രയോഗത്തിലൂടെ സര്‍വ്വേ നടത്താനുള്ള നീക്കം പോലീസ് ഉപേക്ഷിക്കുകയായിരുന്നു.
കെ റെയിലിനു വേണ്ടി ഉദ്യോഗസ്ഥര്‍ നാട്ടിയ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് തോട്ടിലെറിഞ്ഞ സംഭവവുംഉണ്ടായി.
മലപ്പുറം തിരൂരിലും സമാനമായ പ്രതിഷേധമാണ് റിപ്പോര്‍ട്ട് ചെയ്തത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാനെത്തിയത് വന്‍ സംഘര്‍ഷത്തിനിടയാക്കി. പള്ളിക്കു സമീപം കല്ല് സ്ഥാപിക്കാനാവില്ലെന്ന് വിശ്വാസികള്‍ നിലപാട് എടുത്തതോടെ പോലീസും ഉദ്യോഗസ്ഥരും പിരിഞ്ഞു പോയി.
ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് മാറ്റി.
ചങ്ങനാശേരി മാടപ്പള്ളിയില്‍ കഴിഞ്ഞ ദിവസം കെ റെയിലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ പ്രതിഷേധം ഉയരുന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍, പദ്ധതി കടലാസില്‍ ഒതുങ്ങില്ലെന്നും പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുകയാണുണ്ടായത്.