കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചു. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 8,89,000 ആണ് കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. ഒരു വർഷം മുമ്പ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 8,58,000 ആയിരുന്നു. ഈജിപ്ഷ്യൻ തൊഴിലാളികളാണ് രാജ്യത്ത് പ്രവാസികളിൽ രണ്ടാമത്. 4,76,000 ആണ് ഇവരുടെ എണ്ണം. ഒരു വർഷം മുമ്പ് ഇത് 4,89,000 ആയിരുന്നു.
കുവൈത്ത് പൗരൻമാർ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്. നിലവിൽ 4,58,000 ആണ് കുവൈത്തികളുടെ എണ്ണം. മൊത്തം മനുഷ്യശേഷിയുടെ 15.6 ശതമാനമാണിത്. ഒരു വർഷം മുമ്പ് 4,45,000 ആയിരുന്നു. ഇതിൽ ഈ വർഷം വർധനവുണ്ടായി.ബംഗ്ലാദേശി തൊഴിലാളികൾ 2,66,000 സംഖ്യയുമായി നാലാം സ്ഥാനത്തും ഫിലിപ്പീൻസിൽനിന്നുള്ള തൊഴിലാളികൾ 2,40,000 പേരുമായി അഞ്ചാം സ്ഥാനത്തുമാണ്. ഫിലിപ്പിനികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് വലിയ കുറവുണ്ടായി.
പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വിദേശികളിൽ 26.9 ശതമാനവും വീട്ടുജോലിക്കാർ. ഗാർഹിക തൊഴിലാളികളുടെ എണ്ണം 1.1 ശതമാനം വർധിച്ച് ഏഴ്ലക്ഷത്തി എൺപതിനായിരമായി. സ്ത്രീകൾ 4,23,000, പുരുഷന്മാർ 3,66,000 എന്നിങ്ങനെയാണ്. 1,75,000 പേരുമായി ഫിലിപ്പീൻസ് വനിതകൾ ഗാർഹിക സഹായികളുടെ പട്ടികയിൽ ഒന്നാമത്. മുൻ വർഷത്തെ 2,05,000 ത്തിൽനിന്ന് കുത്തനെ ഇടിവുണ്ടായി.ഇന്ത്യൻ പുരുഷന്മാർ 2,48,000 പേരുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരു വർഷം മുമ്പ് 2,47,000 ആയിരുന്നു. എന്നാൽ രാജ്യത്തെ മൊത്തം പ്രവാസി ഗാർഹിക തൊഴിലാളികളിൽ 44.7 ശതമാനവും ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും ചേർന്നതാണ് (ഏകദേശം 3,52,000). ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റു ഗാർഹിക തൊഴിലാളികൾ.










