കുവൈത്ത് സിറ്റി : സെൻട്രൽ ജയിലിലേക്ക് ഡ്രോൺ ഉപയോഗിച്ച് വൻതോതിൽ ലഹരിമരുന്നും മൊബൈൽ ഫോണുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അജ്ഞാത കള്ളക്കടത്തുകാർ മുഖേന മൂന്ന് ഡ്രോണുകൾ വഴി മയക്കുമരുന്നും ഫോണുകളും എത്തിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയതായി റിപ്പോർട്ട് ചെയ്യുന്നത്.ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, രാസ വസ്തുക്കൾ, മൊബൈൽ ഫോണുകൾ എന്നിവ ഡോൺ വഴി ജയിലിനുള്ളലേക്ക് കടത്താൻ ശ്രമിച്ചതാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മൂന്ന് ഡ്രോണുകൾ കള്ളക്കടത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
ജയിലിലെ സെക്യൂരിറ്റി ജീവനക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ആദ്യ ഡ്രോൺ ഉപയോഗിച്ചത്. രണ്ടാമത്തെ ഡ്രോണിലാണ് ലഹരിമരുന്നും മൊബൈൽ
ഫോണുകളും നിറച്ചിരുന്നത്. ഇതിന്റെ,ഡെലിവറി തടസ്സപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിക്കാനും ഉറപ്പാക്കാനുമാണ് മൂന്നാമത്തെ ഡ്രോൺ ഉപയോഗിച്ചത്. അതോടൊപ്പം, സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധ തിരിക്കാൻ ചില തടവുകാരോട് വഴക്കുണ്ടാക്കാനും സാധനങ്ങൾ വേഗം മാറ്റാനുള്ള നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ കടത്ത് തടഞ്ഞത്. ഡ്രോണുകൾ വിക്ഷേപിച്ചവരെ കണ്ടെത്താനായി ജയിൽ അധികൃതർ ഉടൻതന്നെ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുകയും ചെയ്യും.ഒപ്പം, ജയിലിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്. സന്ദർശകർ, ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിൽ ദിവസേന പരിശോധന നടത്തുന്നത് കുടാതെ, വാർഡുകളിലെ അപ്രതീക്ഷ പരിശോധനയിലൂടെ സാധ്യമായ എല്ലാ കള്ളക്കടത്ത് പഴുതുകളും അടച്ചിരുന്നു. ടെലിഫോൺ നെറ്റ്വർക്കുകളെ തടസ്സപ്പെടുത്തുന്നതിന് ജാമിങ് സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിലാണ് പുതിയ സങ്കേതിക വിദ്യ ഉപയോഗച്ചുള്ള കടത്ത് നീക്കം.