ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായ ടെസ്‍ലയുടെ ഓഹരികൾ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇന്നലെ കാഴ്ചവച്ചപ്പോൾ, കമ്പനിയുടെ മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായത് വമ്പൻ വർധന. യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ഇന്നലെ ഒറ്റദിവസം 21.92% മുന്നേറി 260.48 ഡോളറിലാണ് ടെസ്‍ല ഓഹരിവിലയെത്തിയത്. 2013 മേയ്ക്കുശേഷം ടെസ്‍ല ഓഹരിവിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണിത്.
ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. അദ്ദേഹത്തിന്റെ ആകെ ആസ്തി ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 27,000 കോടി ഡോളറിലുമെത്തി. ഏകദേശം 22.70 ലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്. രണ്ടാംസ്ഥാനത്തുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 20,900 കോടി ഡോളർ മാത്രം. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാമത്; ആസ്തി 20,100 കോടി ഡോളർ.
ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 17-ാം സ്ഥാനത്തുള്ള മുകേഷിന്റെ ആസ്തി 10,100 കോടി ഡോളർ (8.49 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 18-ാം സ്ഥാനത്തുണ്ട്. ആസ്തി 9,350 കോടി ഡോളർ (7.86 ലക്ഷം കോടി രൂപ). 10,000 കോടി ഡോളർ ക്ലബ്ബിൽ അഥവാ 100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇപ്പോൾ ഗൗതം അദാനിയില്ല.












