സുധീര്‍നാഥ്
അമ്മികൊത്താനുണ്ടോ… അമ്മി…
പണ്ട് ഇങ്ങനെ വിളിച്ച് പറഞ്ഞ് പോകുന്നവര്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന കാലമുണ്ട്. ഉപയോഗിച്ച് തേഞ്ഞ കരിങ്കല്‍ ഉപകരണങ്ങള്‍ക്ക് ഗ്രിപ്പ് കൂട്ടാന്‍ വരുന്നവരാണ് അവര്‍. കരിങ്കല്ല് കൊണ്ടുള്ള എന്തെല്ലാം ഉപകരണങ്ങളായിരുന്നു പണ്ട്. അത് ഉണ്ടാക്കുന്ന പ്രത്യേക ഇടം തന്നെ ഓരോ ഗ്രാമത്തിലും ഉണ്ടായിരുന്നു. ദോശയ്ക്ക് അരിയാട്ടുന്നതിന് ആട്ട്ക്കല്ല്. അരി പൊടിക്കന്‍ ഉരല്. കറിക്ക് അരയ്ക്കാന്‍ അരക്കല്ല് അഥവാ അമ്മിക്കല്ല്, തുണി അലക്കാന്‍ അലക്ക് കല്ല്. വെറ്റിലമുറുക്കുന്ന പഴമക്കാര്‍ക്ക് അതിനായി ചെറിയ ഒരു ഇടിക്കല്ല് ഉണ്ട്. ആട്ടു കല്ലിന്‍റെ മിനിയേച്ചറാണ് ഇടിക്കല്ല്.
കറികള്‍ക്ക് മസാലയും, കഞ്ഞിക്ക് ചമ്മന്തിയും അരക്കല്ലില്‍ അരച്ചുണ്ടാക്കിയാല്‍ രുചി വേറെ തന്നെ എന്ന് പഴമക്കാര്‍ പറയും. തേങ്ങ ചിരണ്ടിയതും, മറ്റ് മസാലകളും, മുളക് തുടങ്ങിയവ ഇന്ന് മിക്സിയുടെ സഹായത്താല്‍ അരച്ചെടുക്കുന്നു. പക്ഷെ പണ്ട് ജനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്. ദീര്‍ഘചതുരാകൃതിയിലുള്ള അരകല്ലില്‍ അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി. ഇതിനു പിള്ളക്കല്ല്, അമ്മിപ്പിള്ള, അമ്മിക്കുട്ടി, അമ്മിക്കുഴ എന്നൊക്കെയും പറയാറുണ്ട്. അടുക്കളയോട് ചേര്‍ന്ന് അതിനൊരു സ്ഥാനം ഓരോ വീട്ടിലും ഉണ്ടായിരുന്നു.
പണ്ട് ഇഡലിക്കും, ദോശയ്ക്കും മാവുണ്ടാക്കാന്‍ ആട്ടിയിരുന്നത് ആട്ടു കല്ലിലായിരുന്നു. അരിയും, ഉഴുന്നും കുതിര്‍ത്തി ആട്ടുകല്ലില്‍ ഇട്ട് ആട്ടി മാവാക്കും. വളരെ തരികുറയുവോളം ആട്ടിയാല്‍ രുചി ഏറും എന്നാണ് പറയാറ്. അതിന് കൂടുതല്‍ സമയം ആട്ടണം. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപത്തിന്‍റെ ആകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ആട്ടുകല്ല്. അരിയും ഉഴുന്നും ആട്ടുന്നതിന് പ്രത്യേക പരിശീലനം തന്നെ വേണം. മിക്സിയും, ഗ്രൈനറും വന്നതോടെ ഇതൊക്കെ ഉപേക്ഷിക്കപ്പെട്ടു.
അരിയും മറ്റ് ധാന്യങ്ങളും പൊടിക്കുന്നതിനാണ് ഉരലും ഉലക്കയും. ഉരല് കല്ലു കൊണ്ടും, ഉലക്ക മരം കൊണ്ടുമാണ് ഉണ്ടാക്കുന്നത്. ആദ്യ കാലങ്ങളില്‍ രണ്ടും മരം കൊണ്ട് തന്നെയായിരുന്നു. ഉലക്കയുടെ രണ്ട് അറ്റത്തും ലോഹത്തിന്‍റെ കൂടുണ്ടാകും. ഉലക്ക കൊണ്ട് അരി പൊടിക്കുന്നതിനും നല്ല പരിശീലനം വേണം. ഉരലിലെ അരിയോ ധാന്യമോ തെറിച്ച് പോകാതെ നേക്കേണ്ടതുണ്ട്. മില്ലുകള്‍ വന്നതോടെ ഉരല് വഴിമാറി. ത്യക്കാക്കര ക്ഷേത്രത്തിന്‍റെ അടുത്ത്, തൈക്കാവില്‍, ഉണിച്ചിറയില്‍ അരി പൊടിക്കുന്ന മില്ലുകള്‍ തുടങ്ങി. മുളകും മല്ലിയും പൊടിക്കുന്ന മില്ലും ഉണ്ടായി. അത് എല്ലാ സമയത്തും പ്രവര്‍ത്തിപ്പിക്കില്ലായിരുന്നു. അരിയും ഉഴുന്നും ആട്ടുന്ന സ്ഥലവും പിന്നീട് വന്നു. ഇന്ന് എല്ലാം റെഡിമേഡായി ലഭിക്കുന്നു.
തുണി അലക്കുന്നതിന് കരിങ്കല്ലില്‍ തീര്‍ത്ത പരന്ന കല്ല് മറ്റ് കല്ലുകളില്‍ രണ്ടോ മൂന്നോ അടി ഉയരത്തില്‍ നിര്‍മ്മിച്ച തറയില്‍ സ്ഥാപിച്ചിരുന്നു. ഓരോരുത്തരുടെ സൗകര്യത്തിന് ഉയരം കുറയ്ക്കും. മിക്ക വീടുകളിലും അലക്ക് കല്ല് ഉണ്ടായിരുന്നു.
വീടുകള്‍ പണിയുന്നതിന് ശക്തമായ അടിത്തറ വേണമെങ്കില്‍ കരിങ്കല്ല് തന്നെ ഉപയോഗിക്കണം. ത്യക്കാക്കരയില്‍ കരിങ്കല്‍ ക്വാറികള്‍ കുറേ ഉണ്ടായിരുന്നു. അവിടെ നിന്നെല്ലാം എത്ര ലോറി കരിങ്കല്ല് എവിടെയെല്ലാം പോയിട്ടുണ്ട്. ത്യക്കാക്കരയില്‍ മലകള്‍ കൊത്തി ചെങ്കല്ല് എടുത്തിരുന്നു. വീടുകള്‍ നിര്‍മ്മിക്കാന്‍ അതായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. വീടിന്‍റെ ഭംഗി കൂട്ടാന്‍ ദൂര ദേശത്ത് നിന്ന് വരെ ഇപ്പോള്‍ ചെങ്കല്ല് കൊണ്ടു വരുന്നു. ചെങ്കല്ലിന്‍റെ ഡിസൈനില്‍ ടൈല്‍സും ഇപ്പാള്‍ ലഭ്യമാണ്.
അതിര്‍ത്തികള്‍ തീരുമാനിച്ചിരുന്നത് കരിങ്കല്ല് കുറ്റികള്‍ നാട്ടിയാണ്. ഓരോ പറമ്പുകളുടെ അതിര്‍ത്തി മാത്രമല്ല, രാജ്യങ്ങളുടെ അതിര്‍ത്തിയും കല്ലു കൊണ്ട് വേര്‍ത്തിരിച്ചിരുന്നു. കൊതിക്കല്ല് എന്നൊന്നുണ്ട്. അത്ഭുതത്തോടെയാണ് ഒരിക്കല്‍ ഞാനത് അന്നമനടയ്ക്ക് സമീപം കരിങ്ങാച്ചിറയില്‍ കണ്ടത്. പിന്നീട് പലയിടത്തും ഇത് കണ്ടിട്ടുണ്ട്. കൊച്ചി തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന കല്ലാണ് കൊതിക്കല്ല്. കല്ലില്‍ കൊ തി എന്ന് കൊത്തി വെച്ചിട്ടുണ്ടാകും. കൊ എന്നാല്‍ കൊച്ചി. തി എന്നാല്‍ തിരുവിതാംകൂര്‍.
സഞ്ചാരയോഗ്യമായ റോഡുകള്‍ പണ്ട് ത്യക്കാക്കരയ്ക്ക് അന്യമായിരുന്നു. ചരക്ക് വാഹനങ്ങള്‍ പഴയ കാലത്ത് ത്യക്കാക്കരയില്‍ വരാത്തതിനാല്‍ തലച്ചുമടായി ചരക്ക് കൊണ്ടു വരണമായിരുന്നു. ചുമടുമായി വരുന്ന കാല്‍നട യാത്രികരെ സഹായിക്കാനാണ് റോഡില്‍ അത്താണിക്കല്ല് സ്ഥാപിച്ചിരുന്നത്. മരണപ്പെടുന്നവരുടെ സ്മരണയ്ക്കും അത്താണികള്‍ സ്ഥാപിക്കാറുണ്ട്. ഇത് ആദ്യകാല ആചാരങ്ങളുടെ ഭാഗവുമാണ്. അത്താണികള്‍ക്കൊപ്പം വഴിയോരങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിച്ച് കാല്‍നട യാത്രികര്‍ക്ക് മോരുവെള്ളവും നല്‍കാറുണ്ട്. അക്കാലത്തെ നാട്ടുപ്രമാണിമാരാണ് ദാനധര്‍മം പ്രചരിപ്പിക്കുന്നതിനായി തണ്ണീര്‍പന്തലുകള്‍ സ്ഥാപിച്ചിരുന്നത്. ത്യക്കാക്കര ക്ഷേത്രത്തന് സമീപം പുക്കാട്ടു പടി റോഡില്‍ രണ്ട് അത്താണികളും ഒരു തണ്ണീര്‍ പന്തലും ഉണ്ടായിരുന്നു. രണ്ട് വലിയ കരിങ്കല്‍ തൂണുകള്‍ ഉറപ്പിച്ച് കുറുകെ വലിയ നീളന്‍ കരിങ്കല്‍ കഷണം ബെഞ്ച് പോലെ വെയ്ക്കുന്നതാണ് അത്താണി. നാലര അഞ്ച് അടി ഉയരത്തിലാകും ഇത് ഉണ്ടാകുക. ചുമട് താങ്ങി കല്ലെന്നും പറയാറുണ്ട്. ചുമട് കൊണ്ട് വരുന്നവര്‍ക്ക് പരസഹായമില്ലാതെ ചുമട് ഇറക്കി വെയ്ക്കാനും എടുത്തു കൊണ്ട് പോകാനുമാണ് അത്താണി ഉപയോഗിച്ചിരുന്നത്.