കെ.അരവിന്ദ്
തിരുത്തലിനു ശേഷമുണ്ടായ കരകയറ്റമാണ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയില്‍ കണ്ടത്. മുന്‍വാരം (സെപ്‌റ്റംബര്‍ 21 – 25) ഒരു ഘട്ടത്തില്‍ 10,800ന് താഴേക്ക് നിഫ്‌റ്റി ഇടിഞ്ഞിരുന്നു. അവിടെ നിന്നുണ്ടായ കരകയറ്റത്തെ തുടര്‍ന്ന് കഴിഞ്ഞുപോയ വാരം (സെപ്‌റ്റംബര്‍ 28-ഒക്‌ടോബര്‍ 1) 11,400 പോയിന്റിലേക്ക് ഉയരുന്നതാണ് കണ്ടത്.
ഓഹരി വിപണിയില്‍ ഉണ്ടായ തിരുത്തല്‍ പ്രധാനമായും ആഗോള സൂചനകളെ തുടര്‍ന്നായിരുന്നു. യുഎസ് വിപണിയിലെ ടെക്‌നോളജി ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദമാണ് ആഗോള വിപണിയെ ഇടിവിലേക്ക് നയിച്ചത്. ടെക്‌നോളജി ഓഹരികള്‍ ചെലവേറിയ നിലയിലായതിനാല്‍ ലാഭമെടുപ്പിന് പ്രേരണയുണ്ടായി. ഒപ്പം പെന്‍ഷന്‍ ഫണ്ടുകള്‍ പോര്‍ട്‌ഫോളിയോയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും ടെക്‌നോളജി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദത്തിന് വഴിവെച്ചു. എന്നാല്‍ പോയ വാരം ആഗോള വിപണികളിലെ കരകയറ്റത്തിന്റെ പ്രതിഫലനം എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയും തിരികെ കയറി.
നേരത്തെ പറഞ്ഞതു പോലെ നിഫ്‌റ്റിക്ക് ഉണ്ടായിരുന്ന പ്രധാന താങ്ങു നിലവാരം 10,800 പോയിന്റായിരുന്നു. ഈ താങ്ങു നിലവാരത്തില്‍ നിന്നും ശക്തമായ തിരിച്ചുവരവാണ് വിപണിയില്‍ കണ്ടത്. വ്യാഴാഴ്‌ച 11,377 എന്ന സാങ്കേതികമായി സുപ്രധാനമായ നിലവാരത്തിന് മുകളിലേക്ക് നിഫ്‌റ്റി ഉയരുകയും ചെയ്‌തു. ഈ നിലവാരത്തിന് മുകളിലേക്ക് എത്തിയതോടെ വിപണിയിലെ പോസിറ്റീവ് ട്രെന്റ് വീണ്ടും ശക്തമായി.
പ്രധാനമായും ബാങ്കിംഗ് ഓഹരികളാണ് കരകയറ്റത്തില്‍ നേട്ടമുണ്ടാക്കിയത്. മുന്‍വാരം വിപണി ഇടിഞ്ഞപ്പോള്‍ ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്നത്. സെപ്‌റ്റംബര്‍ 28ന് സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് ബാങ്കിംഗ് ഓഹരികളില്‍ തിരുത്തലുണ്ടായത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്‌ച സുപ്രിം കോടതി വീണ്ടും വാദം മെറ്റിവെച്ചതോടെ ബാങ്കിംഗ് ഓഹരികള്‍ തിരികെ കയറി.
നിഫ്‌റ്റി 11,377ന് മുകളില്‍ നില്‍ക്കുന്നതിനാല്‍ വിപണിയില്‍ പൊതുവെ പോസിറ്റീവ് ട്രെന്റാണെന്ന് പറയാം. 11,550 ആണ് അടുത്ത പ്രതിരോധ നിലവാരം. ഈ നിലവാരം ഭേദിച്ചാല്‍ 11,800ല്‍ ശക്തമായ പ്രതിരോധമുണ്ട്.
11,377 ആണ് പ്രധാന താങ്ങ് നിലവാരം. ഇതിന് താഴേക്ക് പോയാല്‍ വില്‍പ്പന സമ്മര്‍ദമുണ്ടാകും. 10,800 ആണ് അടുത്ത താങ്ങ് നിലവാരം. അടുത്തയാഴ്‌ച പൊതുവെ വിപണി പോസിറ്റീവായി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതല്‍ പാലിക്കേണ്ടതുണ്ട്.