മുംബൈ: ഓഹരി വിപണി ഇന്ന് കനത്ത ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെ മികച്ച മുന്നേറ്റം നടത്തിയ വിപണിയില്‍ ഉച്ചയ്‌ക്കു ശേഷം ലാഭമെടുപ്പ് ശക്തമായി. ഒരു ഘട്ടത്തില്‍ ഇന്നലത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയ വിപണി കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് 18 പോയിന്റ്‌ആണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 36,051 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 36,810.25 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് അതിനു ശേഷം വ്യാപാരത്തിനിടെ ഏകദേശം ആയിരം പോയിന്റ് വരെ താഴേക്ക് വന്നിരുന്നു.
നിഫ്‌റ്റി 10 പോയിന്റും ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 10,827.45 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്ന നിഫ്‌റ്റി ഉച്ചയ്‌ക്കു ശേഷം 10,577.75 പോയിന്റ് വരെ ഇടിഞ്ഞു. 10,800 എന്ന സമ്മര്‍ദ നിലവാരം നിഫ്‌റ്റിക്ക് ഭേദിക്കാനാകുന്നില്ല എന്നതാണ് ഇപ്പോള്‍ കാണുന്ന പ്രവണത.
ഐടി ഓഹരികളാണ് ഇന്ന് വിപണിയെ താങ്ങി നിര്‍ത്തിയത്. പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ഓഹരി ഇന്ന് 17 ശതമാനമാണ് ഉയര്‍ന്നത്. 2004 മെയ്‌ക്ക് ശേഷം വിപ്രോയുടെ ഓഹരി ഒരു ദിവസം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഇത്. വിപ്രോ ചൊവ്വാഴ്‌ച ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ഈ കുതിപ്പുണ്ടായത്.
വിപ്രോയുടെ മികച്ച പ്രവര്‍ത്തന ഫലം മറ്റ് ഐടി ഓഹരികളുടെ വില ഉയരുന്നതിനും വഴിവെച്ചു. നിഫ്‌റ്റി ഐടി സൂചിക 5.48 ശതമാനം ഉയര്‍ന്നു. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഫോസിസ് 6.47 ശതമാനമാണ് ഉയര്‍ന്നത്.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 28 ഓഹരികള്‍ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
റിലയന്‍സ് ഇന്റസ്‌ട്രീസ്, ഭാരതി എയര്‍ടെല്‍, സീ ലിമിറ്റഡ്, ഗെയില്‍, ഇന്‍ഫ്രാടെല്‍ എന്നിവയാണ് നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട ഓഹരികള്‍. റിലയന്‍സ് ഇന്റസ്‌ട്രീസ് 3.89 ശതമാനം ഇടിവ് നേരിട്ടു. രാവിലെ 1,978.80 രൂപ വരെ ഉയര്‍ന്ന ഓഹരി ഉച്ചയ്‌ക്കു ശേഷം 1,798.00 രൂപ വരെ ഇടിഞ്ഞു. ഭാരതി എയര്‍ടെല്ലും 3.62 ശതമാനം ഇടിഞ്ഞു.
എനര്‍ജി ഓഹരികള്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. നിഫ്‌റ്റി എനര്‍ജി സൂചിക 1.91 ശതമാനം ഇടിഞ്ഞു. അതേ സമയം ഫാര്‍മ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.



















