മസ്‌കത്ത്: ഊർജമേഖലയിലെ വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കാനായി ഒമാനും തുര്‍ക്കിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എണ്ണ, വാതകം, ദ്രവീകരിത പ്രകൃതിവാതകം (എൽ.എൻ.ജി), പുനരുപയോഗ ഊർജം, ഊർജക്ഷമത, ഗ്രീൻ ഹൈഡ്രജൻ, കാർബൺ ക്യാപ്ചർ, മറ്റു ഇന്ധനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലയിലാണ് സഹകരണമുണ്ടാകുന്നത്.
സാങ്കേതികവിദ്യയുടെ കൈമാറ്റം, നിക്ഷേപ സാധ്യതകൾ, സംയുക്ത പദ്ധതികളുടെ വികസനം എന്നിവയും ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പര വിദഗ്ധ സേവനങ്ങളും സാങ്കേതിക പങ്കുവെപ്പുകളും വളർത്തുന്നതിനായി ശക്തമായ പങ്കാളിത്തം പിന്തുടരുമെന്ന് ധാരണയിൽ വ്യക്തമാക്കിയിട്ടുണ്ട്.