മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അള്‍ജീരിയയിലെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഊഷ്മള വരവേല്‍പ്പ്. ഹൗരി ബൗമെഡീന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സുല്‍ത്തനെയും പ്രതിനിധി സംഘത്തേയും അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് തെബൂണ്‍ സ്വീകരിച്ചു. സുല്‍ത്താനും പ്രസിഡന്റും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഒമാനും അള്‍ജീരിയയും തമ്മിലുള്ള ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. അറബ് നിലപാടുകള്‍ ഏകീകരിക്കുന്നതിനും സംയുക്ത അറബ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഉന്നതതല കൂടിയാലോചനകളും നടക്കും.
ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സയ്യിദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ഷിദി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിന്‍ ഹമൂദ് അല്‍ ഹബ്‌സി, ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി, അള്‍ജീരിയയിലെ ഒമാന്‍ അംബാസഡര്‍ സെയ്ഫ് ബിന്‍ നാസിര്‍ അല്‍ ബദായ് എന്നിവരുടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.
