മസ്‌കത്ത്: വേനൽ അവധിയും ബലി പെരുന്നാളും നാട്ടിൽ ആഘോഷിക്കാനൊരുങ്ങുന്ന ഒമാൻ മലയാളികൾക്ക് യാത്രക്കായി വലിയ ആശ്വാസമായി ടിക്കറ്റ് നിരക്കുകൾക്ക് വന്ന വലിയ ഇടിവ്. ഒമാനിൽ നിന്നുള്ള കേരള സെക്ടറുകളിലേക്ക് വിമാന ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെക്കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ലഭ്യമാകുന്നത്.
പെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരക്കുകളിൽ കുതിപ്പ് ഉണ്ടാകാതെ വരികയാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വഴി 53 ഒമാനി റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചകളിൽ ഇതേ റൂട്ടിൽ ഈ ദിവസങ്ങൾക്ക് 150 റിയാലിന് മുകളിലാണ് യാത്രക്കാർ ടിക്കറ്റ് എടുത്തത്.
കൊച്ചിയിലേക്ക് 66 റിയാലിനും, കണ്ണൂരിലേക്ക് 62 റിയാലിനും, തിരുവനന്തപുരം റൂട്ടിൽ 73 റിയാലിനും ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. നേരത്തെ ഇവിടങ്ങളിലേക്ക് 160 റിയാലിനും അതിലുമേറിയും ചിലവഴിക്കേണ്ടി വന്നിരുന്നു. സലാലയിൽ നിന്നുള്ള കൊച്ചി റൂട്ടിലും സമാനമായ കുറവാണ് നിരക്കുകളിൽ പ്രത്യക്ഷപ്പെട്ടത്.
പെരുന്നാൾ അവധി വേനൽ അവധിയോടൊപ്പം വന്നതോടെ യാത്രക്കാരുടെ ഒഴുക്ക് വലിയതായിരിക്കും എന്നായിരുന്നു പ്രതീക്ഷ. പല എയർലൈൻ കമ്പനികളും അതിന്റെ പേരിൽ നിരക്കുകൾ നാലിരട്ടിയായി വർദ്ധിപ്പിച്ചെങ്കിലും, വലിയ രീതിയിൽ ബുക്കിങ് ഉണ്ടായില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
പലരും നേരത്തെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചതിനാൽ ഈ ഘട്ടത്തിൽ യാത്രക്കാർ കുറവായതും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായി. ഇപ്പോഴത്തെ കുറഞ്ഞ നിരക്കുകൾ കണ്ടതോടെ നേരത്തെ യാത്രക്കൊരുങ്ങാത്തവരും യാത്രയുടെ ഒരുക്കത്തിലാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.
എങ്കിലും പെരുന്നാൾ പൊതു അവധി അഞ്ച് ദിവസമായി മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത് എന്നത് ചിലർക്കു നിരാശയാകുന്നു. അതേസമയം, കുറച്ച് അധികം അവധി എടുത്ത് അതിനോട് അനുബന്ധിച്ച വാരാന്ത്യവും നാട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും കൂടുതലാണ്.