മസ്കത്ത് : ഒമാനിൽ വിവിധ പ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റ് വീശുന്നതായി കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതിനെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. വടക്കൻ മേഖലകളിൽ പൊടിക്കാറ്റ് കൂടുതൽ പ്രബലമാണെന്ന് അധികൃതർ വ്യക്തമാക്കി.
മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റ് കൂടുതൽ ശക്തമാകുന്നതിനാൽ യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊടിക്കാറ്റിന്റെ ഫലമായി പല പ്രദേശങ്ങളിലും കാഴ്ച പരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ എക്സ്ട്രാ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ അനുഭവപ്പെടുന്ന അസ്ഥിര കാലാവസ്ഥാ ഘടകങ്ങൾ അടുത്ത ദിവസങ്ങളിലേക്കും തുടരുമെന്നുള്ള സൂചനയും അധികൃതർ നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി.