മസ്‌കത്ത് : ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ശര്‍ഖി. 2,500 റിയാലിന് മുകളില്‍ (പ്രതിവര്‍ഷം 30,000 റിയാലിന് മുകളില്‍) ശമ്പളം വാങ്ങുന്നവര്‍ക്ക് ആദായ നികുതി ബാധകമാകുമെന്നും മജ്‌ലിസ് ശൂറയുടെ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആദായ നികുതി സംബന്ധിച്ച കരട് നിയമത്തിലെ 29ല്‍ അധികം ആര്‍ട്ടിക്കിളുകള്‍ ഭേദഗിത വരുത്തിയാണ് നിയമം കൊണ്ടുവരുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നികുതി ബാധകമാകും. നേരത്തെ ജൂണ്‍ അവസാനത്തോടെ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് മജ്‌ലിസ് ശൂറ സ്‌റ്റേറ്റ് കൗണ്‍സിലിന് സമര്‍പ്പിച്ചിരുന്നു. സ്‌റ്റേറ്റ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെയാകും ആദായ നികുതി പ്രാബല്യത്തില്‍ വരിക.
ആദായ നികുതി നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ പഠനം പൂര്‍ത്തിയാക്കിയതായും അഹമ്മദ് അല്‍ ശര്‍ഖി പറഞ്ഞു. എണ്ണ ഇതര മേഖലയില്‍ നിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അധിക സ്രോതസ്സുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഹമ്മദ് അല്‍ ശര്‍ഖി കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ആദായ നികുതി പ്രാബല്യത്തില്‍ വന്നാല്‍ ഈ നിയമം നടപ്പാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍.
മലയാളികള്‍< അടക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലയല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ നികുതിയുടെ പരിധിയില്‍ വരും. എത്ര ശതമാനമാകും നികുതി ഈടാക്കുക എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ അധികൃതര്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഭാവിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
