മസ്കത്ത് : ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണ് പിടിയിലായത്.











