മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരികളുടെ ഓർമ പുതുക്കുകയും അവരുടെ നേതൃത്വം അടുത്ത തലമുറകൾക്ക് പ്രചോദനമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മസ്‌കത്ത്- ദാഖിലിയ- ദാഹിറ- ബുറൈമി ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന 388 കിലോമീറ്റർ പാത (മസ്‌കത്തിലെ ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ ബുറൈമിയിലെ ഹഫീത് ബോർഡർ ക്രോസിങ് വരെ) ഇനി സുൽത്താൻ തുവൈനി ബിൻ സഈദ് റോഡ് എന്ന് അറിയപ്പെടും.
ശർഖിയ എക്സ്പ്രസ് വേ (ബിദിബിദ് ഇന്‍റർസെക്ഷൻ മുതൽ സൂർ സൂഖ് വരെയുള്ള 250 കിലോമീറ്റർ പാത) ഇനി സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് എന്ന് അറിയപ്പെടും. പുതുതായി നിർമിക്കുന്ന ഖസബ്-ലിമ-ദിബ 72 കിലോമീറ്റർ പാതയുടെ പേര് സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് എന്നാകും.
തെക്ക്-വടക്കൻ ബാത്തിനകളെ ബന്ധിപ്പിക്കുന്ന തീരദേശ പാത (ഖത്മത് മിലാഹ ഇന്‍റർസെക്ഷൻ മുതൽ ഹൽബാൻ ഇന്‍റർസെക്ഷൻ വരെയുള്ള 244 കിലോമീറ്റർ) ഇനി സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ് എന്നായിരിക്കും പേര്.
നിസ്‌വ- സലാല 857 കിലോമീറ്റർ പാത സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് എന്ന് അറിയപ്പെടും.ഖുറം ഇന്‍റർസെക്ഷൻ മുതൽ ഖത്മത് മിലാഹ ബോർഡർ ക്രോസിങ് വരെയുള്ള മസ്‌കത്ത്- ബാത്തിന 300 കിലോമീറ്റർ പാത സുൽത്താൻ ഖാബൂസ് ബിൻ സഈദ് റോഡ് എന്നും നാമകരണം ചെയ്തു.