മസ്‌കത്ത് : ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആരംഭിച്ചു. ഷെൽ ഒമാനാണ് പദ്ധതിയുടെ നടത്തിപ്പുകാർ. സുസ്ഥിര ഗതാഗതത്തിനായുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് ഷെൽ ഒമാൻ അറിയിച്ചു.ദിവസവും 130 കിലോഗ്രാം വരെ ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇവിടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് സൗകര്യവും പരമ്പരാഗത ഇന്ധന സംവിധാനവുമുണ്ട്. ഹൈഡ്രജൻ വാഹനങ്ങൾ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് നിരത്തിലിറക്കി. ഒമാനിൽ എമിഷൻ-ഫ്രീ ഗതാഗത സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഭാവിയിൽ കൂടുതൽ ഹൈഡ്രജൻ വാഹനങ്ങൾ നിരത്തുകളിൽ ഉണ്ടാകും.











