ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജര്‍മനിയില്‍ നിന്നും മടങ്ങുന്ന മോദി യുഎഇയിലെത്തും
അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും.
ചൊവ്വാഴ്ച രാവിലെ എത്തുന്ന മോദി വൈകുന്നേരത്തോടെ ഇന്ത്യയിലേക്ക് മടങ്ങും.
ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് യുഎഇ സന്ദര്‍ശനം.
അബുദാബിയില്‍ എത്തുന്ന മോദിയെ യുഎഇ -ഇന്ത്യന്‍ പ്രതിനിധി സംഘം സ്വികരിക്കും.
യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ നേരില്‍ കാണാനും മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനുമാണ് മോദി യുഎഇയില്‍ എത്തുന്നത്.
യുഎഇയില്‍ ഇത് നാലാം തവണയാണ് പ്രധാനമന്ത്രി മോദി സന്ദര്‍ശനം നടത്തുന്നത്. 2019 ല്‍ ഓഗസ്തില്‍ യുഎഇയിലെത്തിയ മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യയും യുഎഇയും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക കരാര്‍ നടപ്പിലായ ശേഷമുള്ള മോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനവുമാണിത്.
നേരത്തെ, 2015, 2018 എന്നീ വര്‍ഷങ്ങളിലും മോദി യുഎഇയിലെത്തിയിരുന്നു.











