സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണം അവസാന
ഘട്ടത്തിലേക്കു നീങ്ങിയപ്പോൾ മികച്ച നടൻ, നടി, സംവിധായകൻ എന്നിവരെ കണ്ടെത്താൻ ജൂറിയിൽ പിരിമുറുക്കം. മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കളും സംവിധായകരും ചിത്രങ്ങളുമാണ് അന്തിമപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നടീനടന്മാർ ഉൾപ്പടെയുള്ളവരുടെ വ്യക്തിഗത പ്രകടനങ്ങൾ സസൂക്ഷം പരിശോധിച്ചായിരിക്കും പ്രമുഖ സംവിധായകനായ സുധീർ മിശ്ര ചെയർമാനായ ജൂറി അന്തിമതീരുമാനത്തിലെത്തുക. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കി ഓഗസ്റ്റ് 16ന് തന്നെ പുരസ്കാര പ്രഖ്യാപനം നടത്താനാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്.
ഏതെങ്കിലും ചിത്രങ്ങൾ ഒന്നുകൂടി കണ്ടു വിലയിരുത്തണമെന്നു ജൂറി തീരുമാനിച്ചാൽ പ്രഖ്യാപനം പിന്നെയും നീളും. വ്യക്തിഗത പുരസ്കാരങ്ങളെക്കുറിച്ചുളള ചർച്ചയും ജൂറി അംഗങ്ങൾക്കിടയിൽ അന്തിമമായി നടക്കേണ്ടതുണ്ട്. വ്യക്തിഗത പ്രകടനങ്ങളുടെ മികവ്, പ്രമേയ വൈവിധ്യം, സാങ്കേതിക തികവ് എന്നിവയിൽ ഊന്നിയായിരിക്കും അവസാനവട്ട ചർച്ചകൾ നടക്കുക.
ബ്ലെസിയുടെ ആട് ജീവിതം, ജിയോ ബേബിയുടെ കാതൽ, ജൂഡ് ആന്തണി ജോസഫിന്റെ 2018,ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നീ സിനിമകളിൽ ഏതെങ്കിലും ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടുമോ? അതോ റിലീസ് ചെയ്യാത്ത മറ്റേതെങ്കിലും മികച്ച ചിത്രത്തിന് ആയിരിക്കുമോ പുരസ്കാര ഭാഗ്യം. വൈകാതെ നമുക്ക് അറിയാം. ആദ്യ റൗണ്ടിൽ പ്രാഥമിക ജൂറികൾ തഴഞ്ഞ ചിത്രങ്ങളിൽ ചിലത് അന്തിമ ജൂറി വീണ്ടും കണ്ടു എന്നാണ് സൂചന. അന്തിമ ജൂറി മികച്ചതെന്നു കണ്ടെത്തുന്ന പത്തോളം സിനിമകൾക്കാണ് സാധാരണ പ്രധാന അവാർഡുകൾ എല്ലാം ലഭിക്കുക….

















