വേനലവധിക്കാലത്ത് പലരും നാട്ടിലേക്ക് പറന്നെങ്കിലും ടിക്കറ്റ് വര്‍ദ്ധനമൂലം യാത്ര മാറ്റിവെച്ചവര്‍ യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തിലാണ്
ദുബായ് : ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍. നാലു ദിവസത്തെ അവധിദിനങ്ങളില്‍ രണ്ട് ദിനങ്ങള്‍ വാരാന്ത്യ അവധിയില്‍പ്പെടുമെങ്കിലും തുടര്‍ച്ചയായി നാലു ദിവസങ്ങള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ വട്ടമാണ് സാധാരണഗതിയില്‍ ലഭിക്കാറുള്ളത്.
ഇക്കുറി വെള്ളിയും ശനിയുമാണ് പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആദ്യ രണ്ട് ദിവസം എത്തിയത്. ഷാര്‍ജ പോലുള്ള ഇടങ്ങളില്‍ വെള്ളിയും ശനിയും ഞായറും അവധിയാണ്. മറ്റിടങ്ങളില്‍ ശനിയും ഞായറും. വെള്ളിയാഴ്ച പലര്‍ക്കും പകുതി അവധി ദിനവുമാണ്.
പെരുന്നാള്‍ അവധി ദിനങ്ങളില്‍ പതിവു പോലെ കുടുംബ കൂട്ടായ്മയും സൗഹൃദക്കൂട്ടയ്മയും സംഘടിപ്പിച്ചാണ് പലരും ഈദ് ആഘോഷിച്ചത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച ശേഷം നടന്ന ഈദ് ആഘോഷത്തിന് ഇക്കുറി നിരവധി കൂട്ടായ്മകള്‍ പങ്കുചേര്‍ന്നു.
അടച്ച മുറികളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് ആഘോഷം മാറി. ഷാര്‍ജ, ദുബായ്, അബുദാബി, അജ്മാന്‍ എന്നിവടങ്ങളില്‍ സമാനമായ കൂട്ടായ്മകള്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
ഷാര്‍ജയിലും ദുബായിലും പ്രദര്‍ശനങ്ങളും സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോര്‍ണിഷിലും ജുമൈറയിലും വെടിക്കെട്ടും ഉണ്ട്. ഷാര്‍ജ ഖോഫര്‍ക്കാനില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഷോ അരങ്ങേറുന്നുണ്ട്.