
കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ പഴങ്കഥയായി. ഏറ്റവും എളുപ്പത്തിൽ വ്യവസായം ആരംഭിക്കുന്നതിനു നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിനു കഴിഞ്ഞു. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഭൂമിയുടെ പാട്ടനയത്തിൽ മാറ്റം വരുത്തി. ലോജിസ്റ്റിക് പാർക്ക് നയവും കയറ്റുമതി നയവും രൂപീകരിച്ചു. ഒട്ടേറെ ഇൻസെന്റീവുകളും സബ്സിഡികളും ഉൾപ്പെടുത്തിയ വ്യവസായ നയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചു. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചു, വ്യവസായ വിപ്ലവം 4.0 ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണു കേരളം. ഈ പശ്ചാത്തലത്തിലാണ് ആഗോള നിക്ഷേപക സംഗമത്തിന് ഇന്നും നാളെയും കേരളം വേദിയാകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയ കേരളം ലോകത്തിനു മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ തുറക്കുകയാണ്.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി ‘നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ’ അംഗീകാരം നേടിയതു കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയാണ്. ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായി പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലും അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണു ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫിസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി. ലോകത്തിലെ ഏറ്റവും മികച്ച പല കമ്പനികളും കേരളത്തിൽ പ്രവർത്തനം തുടങ്ങി.
എട്ടുമാസത്തോളം നീണ്ട പ്രവർത്തനങ്ങളിലൂടെയാണു കേരളം ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തെ സ്വാഗതം ചെയ്യുന്നത്. ഇത്ര വിപുലമായ ഒരുക്കം മറ്റൊരു നിക്ഷേപ സംഗമത്തിലുമുണ്ടായിട്ടില്ലെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഈ ദിവസങ്ങളിൽ കേരളം ലോകത്തെ അതിശയിപ്പിക്കും. ദൈവത്തിന്റെ സ്വന്തം നാട് നിക്ഷേപകരുടെയും സ്വന്തം നാടായി മാറും. വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും.