മനാമ: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം തുടരുമെന്നു അറിയിച്ചു. ഇതുവരെ 1,215 പൗരന്മാരെ സുരക്ഷിതമായി സ്വദേശത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്.
ഇന്ന് രാവിലെ, ഇറാനിൽ നിന്നുള്ള 350 പൗരന്മാരുമായി രണ്ട് ഗൾഫ് എയർ വിമാനങ്ങൾ തുർക്‌മെനിസ്ഥാനിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തി. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ബഹ്‌റൈൻ എയർപോർട്ട് സർവീസസ് കമ്പനി, ഗൾഫ് എയർ പ്രതിനിധികൾ ഉൾപ്പെട്ട സംഘം വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിച്ചു.
ഇറാനിലെ മഷ്‌ഹദിൽ നിന്ന് റോഡ് മാർഗ്ഗം ബസുകളിലൂടെ 198 പൗരന്മാരെ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിരുന്നു.
ഒമാൻ, കുവൈത്ത്, ഇറാഖ് എന്നിവയുമായി സഹകരിച്ചാണ് പൗരന്മാരെ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നത്.