അബുദാബി : ഇന്ത്യൻ സിലബസ് സ്കൂളുകളിലെ സീറ്റ് ക്ഷാമം കാരണം സ്കൂൾ പ്രവേശനം നേടാനാകാതെ ഒട്ടേറെ പ്രവാസി കുരുന്നുകൾ പ്രതിസന്ധിയിൽ. അബുദാബിയിൽ മാത്രം 25 കുട്ടികൾക്കാണ് സ്കൂളിൽ സീറ്റ് കിട്ടാതെ പഠനം മുടങ്ങുന്നത്. പ്രായത്തിന് അനുസരിച്ച് ഓരോ വർഷവും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശനത്തിന് ശ്രമിച്ചിട്ടും ലഭിച്ചില്ല.
നിലവിലെ സ്കൂളുകളിൽ അധിക ബാച്ച് തുടങ്ങുകയോ പുതിയ സ്കൂളുകൾ ആരംഭിക്കുകയോ ചെയ്ത് പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ അഭ്യർഥന.സീറ്റ് പ്രതിസന്ധി ഇന്ത്യൻ എംബസിയും കോൺസുലേറ്റും യുഎഇ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്നാണ് ആവശ്യം. കുറഞ്ഞ ഫീസിൽ മക്കളെ പഠിപ്പിക്കാനുള്ള സൗകര്യം യുഎഇയിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് ദുബായിലെ പൊതുസമ്മേളനത്തിൽ വാഗ്ദാനം ചെയ്തിരുന്നതും രക്ഷിതാക്കൾ ഓർമിപ്പിച്ചു.











