ബെംഗളൂരു : എച്ച്എഎലിന്റെ (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) നിർമാണ കരാറുകൾ 2030ൽ 2.2 ലക്ഷം കോടി രൂപയുടേതായി വർധിക്കുമെന്ന് സിഎംഡി ഡോ. ഡി.കെ. സുനിൽ അറിയിച്ചു. 82 തേജസ് ലഘുയുദ്ധവിമാനങ്ങളും സു 30– എംകെഐ വിമാനങ്ങൾക്കുള്ള 240 എൻജിനുകളും ഉൾപ്പെടെ നിലവിൽ 1.2 ലക്ഷം കോടി രൂപയുടെ കരാറുകളാണുള്ളത്. ഗയാനയ്ക്ക് 2 ഡോണിയർ വിമാനങ്ങൾ നിർമിച്ചു നൽകിയതിനു പിന്നാലെ നൈജീരിയ, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കുവേണ്ടി വിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എഎൽഎച്ച് ധ്രുവ് പോർബന്തർ വിമാനത്താവളത്തിൽ തകർന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് വിദഗ്ധ സംഘം 3 ആഴ്ചയ്ക്കകം ലഭിക്കുമെന്നും പറഞ്ഞു.
