അബൂദബി: ആഗോളതല ജനതയെ അബൂദബിയിലേക്ക് ആകർഷിക്കാൻ അനവധി പദ്ധതികൾ നടത്തിവരുന്ന ഭരണകൂടം പുതിയ മുന്നേറ്റത്തിലേക്ക്. അബൂദബിയുടെ സൗന്ദര്യം നുകരാന്‍ സഞ്ചാരികളെ വരവേൽക്കുന്നതിന് ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോ ഒരുക്കിയിരിക്കുകയാണ് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി. അബൂദബി). ഡല്‍ഹി, മുംബൈ, ബാംഗളൂര്‍ നഗരങ്ങളിലായാണ് ‘അബൂദബിയെ അനുഭവിക്കൂ’ എന്ന പേരില്‍ റോഡ് ഷോ നടത്തിയത്. എയര്‍ലൈന്‍സ്, യാത്രാകപ്പലുകള്‍, ഹോട്ടലുകള്‍, ടൂര്‍ മാനേജ്മെന്റ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചായിരുന്നു റോഡ് ഷോ.
ഇമാറാത്തി സംസ്കാരമടക്കമുള്ളവയെക്കുറിച്ചുള്ള പ്രസന്റേഷനുകള്‍ അവതരിപ്പിച്ചായിരുന്നു വിനോദത്തിനും ബിസിനസ്സിനും പര്യാപ്തമായ പ്രധാന ലക്ഷ്യകേന്ദ്രമായി അബൂദബിയെ ഉയര്‍ത്തിക്കാട്ടിയത്. ദീര്‍ഘകാല പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിന് വ്യവസായ വിദഗ്ധരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവന്ന് വിരുന്നുകളും റോഡ് ഷോയ്ക്കൊപ്പം നടത്തി. അബൂദബിയിലെ ബിസിനസ് വികസനങ്ങളെയും വളര്‍ച്ചാ അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെ വ്യാപാര പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുന്നത് സന്തോഷകരമാണെന്ന് ഡി.സി.ടി. അബൂദബിയുടെ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
എമിറേറ്റിലെ ടൂറിസത്തിന്റെ പ്രധാന മാര്‍ക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യന്‍ സഞ്ചാരികളെയും ഓപറേറ്റര്‍മാരെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് ഷോ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യാത്രികര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ആഡംബര, സാംസ്കാരിക, സാഹസിക അനുഭവങ്ങള്‍ നല്കാന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അബ്ദുല്ല മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പ്രതിവര്‍ഷം 3.93 കോടിയായി വര്‍ധിപ്പിക്കുകയെന്ന 2030 ടൂറിസം സ്ട്രാറ്റജിക്കു കരുത്തുപകരുന്നതും റോഡ് ഷോയുടെ ലക്ഷ്യമായിരുന്നു. സഞ്ചാരികളുമായി കൂടുതല്‍ കപ്പലുകള്‍ അബൂദബിയിലെത്തുമെന്ന് അബൂദബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. അബൂദബി ക്രൂയിസ് ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. പുതുതായി ഏര്‍പ്പെടുത്തിയ ക്രൂയിസ് ക്രൂ പാസ് സൗകര്യം ഉപയോഗിച്ച് കപ്പല്‍ ജീവനക്കാര്‍ക്കും അബൂദബി സന്ദര്‍ശിക്കാനാവും. ഈ പാസ് ഉപയോഗിക്കുന്നതിലൂടെ ഭക്ഷണത്തിനും പാനീയത്തിനും ചില്ലറ വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റും വലിയ ഇളവുകള്ലഭ്യമാവും.
എമിറേറ്റിലെ ടൂറിസം മേഖലയില്‍ വരുന്ന ആറുവര്‍ഷം കൊണ്ട് പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബൂദബി ടൂറിസം സ്ട്രാറ്റജി 2030 എന്ന പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. 2023ല്‍ 240 ലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. 2023ല്‍ അബൂദബിയുടെ ജി.ഡി.പിയിലേക്ക് 49 ശതകോടി ദിര്‍ഹം ടൂറിസം മേഖല നല്‍കുകയും ചെയ്തു. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്.
