ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രവാസികൾ. അബുദാബിയിലേക്കുള്ള പ്രതിദിന വിമാനം ഇന്ത്യൻ സമയം രാവിലെ 10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് യുഎഇ സമയം ഉച്ചയ്ക്ക് 12.35ന് എത്തും. ഇവിടെ നിന്നുള്ള മടക്ക വിമാനം പുലർച്ചെ 3ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8.45ന് ഇന്ത്യൻ നഗരത്തിൽ ഇറങ്ങും.അഹമ്മദാബാദിൽ നിന്നുള്ള പ്രതിദിന വിമാനം രാത്രി 10.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 1ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 2.50ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 7.25ന് അഹമ്മദാബാദിലിറങ്ങും. മുംബൈ-അബുദാബി റൂട്ടിൽ ദിവസേന നേരിട്ടുള്ള സർവീസിന് ആകാശയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യമാണ് വിപുലീകരണത്തിന് കാരണമെന്നും കമ്പനി അറിയിച്ചു.
ആകാശ എയർ നിലവിൽ 22 ഇന്ത്യൻ നഗരങ്ങളുമായും അഞ്ച് രാജ്യാന്തര നഗരങ്ങളുമായും ബന്ധപ്പെട്ട് സർവീസ് നടത്തുന്നു. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരാണസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, ഗോരഖ്‌പൂർ, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി), അബുദാബി (യുഎഇ), കുവൈത്ത് സിറ്റി (കുവൈത്ത്) എന്നിവയാണ് ഈ കേന്ദ്രങ്ങൾ.
