മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള നാഷണൽ ഡിഫൻസ് കോളജ് പ്രതിനിധി സംഘം ഒമാൻ സന്ദർശനത്തിൽ. മസ്കത്ത് ഇന്ത്യൻ എംബസിയിൽ പ്രതിനിധി സംഘത്തിന് അംബാസഡർ അമിത് നാരംഗിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. എയർ വൈസ് മാർഷൽ മനീഷ് കുമാർ ഗുപ്തയുടെ നേതൃത്വത്തിലാണ് സംഘം ഒമാനിലെത്തിയത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിനിധി സംഘത്തിന് അംബാസഡർ വിശദീകരിച്ചു. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന് അടിവരയിടുന്ന ലക്ഷ്യങ്ങളും പൊതു കാഴ്ചപ്പാടും നാരംഗ് എടുത്തുപറഞ്ഞു. ഇന്ത്യൻ പ്രതിനിധി സംഘം ഒമാനിലെ എൻ.ഡി.സി കമാൻഡന്റുമായി കൂടിക്കാഴ്ച നടത്തി. സംഘത്തെ അക്കാദമി ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസിലെ നാഷണൽ ഡിഫൻസ് കോളജ് (എൻ.ഡി.സി) കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുല്ല അൽ ഷിദി സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ സൗഹൃദസംഭാഷണങ്ങളും വിവിധ അക്കാദമിക, പരിശീലന വിഷയങ്ങളും ചർച്ച ചെയ്തു. നാഷണൽ ഡിഫൻസ് കോളജിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ഡിപ്പാർട്മെന്റുകൾ എന്നിവയെ അധികൃതർ വിശദീകരിച്ചു. യോഗത്തിൽ എൻ.ഡി.സിയിലെ തന്ത്രപ്രധാന ഉപദേഷ്ടാക്കളും മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ സൈനിക അറ്റാഷെയും പങ്കെടുത്തു.