ഇത് യുദ്ധങ്ങള്‍ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബുദ്ധന്റെ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അതിനാല്‍ സമാധാനപരമായ ചർച്ചകള്‍ക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടാൻ സാധിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മനസിലാക്കാനുള്ള ആർജ്ജവമാണ് എല്ലാ രാജ്യങ്ങള്‍ക്കിടയിലും വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുദ്ധകാലത്ത് യുക്രെയ്ൻ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ പോളണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാത്രിയോടെ പോളണ്ടില്‍ നിന്നും ട്രെയിൻ മാർഗം പ്രധാനമന്ത്രി യുക്രെയ്‌നിലേക്ക് യാത്ര തിരിക്കും. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്.











