അബൂദബി: അൽഐൻ നഗരത്തിന്റെ തന്ത്രപ്രധാനമായ വിവിധ ഭാഗങ്ങളിൽ 100 ബസ് സ്റ്റോപ്പുകൾകൂടി നിർമിക്കുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷയും സുഗമമായ നീക്കവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റോപ്പുകളുടെ എണ്ണം കൂട്ടുന്നത്. ഈ വർഷം രണ്ടാം പാദത്തോടെ മുഴുവൻ ബസ് സ്റ്റോപ്പുകളുടെയും നിർമാണം പൂർത്തീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനായാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. അൽഐൻ നഗര വികസനം ആധുനികവത്കരിക്കുന്നതിനൊപ്പം ജനങ്ങളുടെ പൊതു ഗതാഗത അനുഭവം മെച്ചപ്പെടുത്താൻ ബസ് സ്റ്റോപ്പുകൾ സഹായകമാവുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
