അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരത്തിന് പുറമെ സന്ദർശകർക്ക് മികച്ച സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സുപ്രധാനമായ ആഗോള ലക്ഷ്യസ്ഥാനമാണ് റിസോർട്ട്.
മരുഭൂമിയിലെ പ്രകൃതിദത്ത വസ്‌തുക്കളുടെ സൗന്ദര്യത്തെക്കുറിച്ച് പഠിക്കാനും പ്രദേശത്തിന്റെ ആധികാരികത പ്രതിഫലിപ്പിക്കുന്ന അനുഭവം ആസ്വദിക്കാനും സന്ദർശകരെ അനുവദിക്കുന്നു. അൽഉലയിലെ മരുഭൂമിയുടെ പ്രകൃതിയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നതിനും സന്ദർശകർക്ക് സവിശേഷമായ ഒരു വിനോദസഞ്ചാര അനുഭവം നൽകുന്നതിനുമായാണ് പദ്ധതിക്കായി ഇവിടെ തിരഞ്ഞെടുത്തത്.
പ്രകൃതി പരിസ്ഥിതിയെയും സാംസ്കാരിക പൈതൃകത്തെയും മാനിച്ചുകൊണ്ട് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അൽഉലയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ശർആൻ റിസോർട്ട് പദ്ധതി. വിഷൻ 2030 ന് അനുസൃതമായി സുസ്ഥിര ടൂറിസം വികസിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. കിരിടാവകാശി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ജോലിയുടെ പുരോഗതിയുടെ വിശദാംശങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
