അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ
കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് പുറപ്പെടുന്നതും ഇങ്ങോട്ടേക്ക് വരുന്നവരും ഉൾപ്പെടെ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നിലനിൽക്കുന്ന സീസണിലാണ് ഇത്രയധികം പേരെ വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരി ഭീഷണി ഉയർത്തിയ രണ്ട് വർഷത്തിന് ശേഷം യാത്രാ ആവശ്യകതകൾ കുത്തനെ ഉയർന്ന വേനൽക്കാലമാണ് വന്നിട്ടുള്ളത് സിവിൽ ഏവിയേഷൻ വക്താവ് സാദ് അൽ ഒട്ടൈബി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. എല്ലാ രാജ്യങ്ങളെയും പോലെ 2023-2024 വർഷങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സാദ് അൽ ഒട്ടൈബി പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രധാന യാത്രാ ലക്ഷ്യസ്ഥാനം. അതിൽ തന്നെ ലണ്ടൻ, ജനീവ്, പാരീസ് എന്നിവയാണ് മുന്നിൽ. ഗൾഫ് രാജ്യങ്ങളിൽ ദുബൈയും ദോഹയുമാണ് യാത്രാ ഇഷ്ട ലൊക്കേഷനുകൾ. സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർലൈനുകൾ സർവ്വീസുകളും കൂട്ടിയിട്ടുണ്ട്