അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ വീണ്ടും തിരഞ്ഞെടുത്തു. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം തവണയാണ് അബൂദബി ഈ നേട്ടം കരസ്ഥമാക്കുന്നത്. റേറ്റിങ് ഏജൻസിയായ നംബിയോ പുറത്തുവിട്ട ലോകത്തെ ഏറ്റവും സുരക്ഷിതമായ 382 നഗരങ്ങളുടെ പട്ടികയിലാണ് 2025ലും അബൂദബി ഒന്നാമതെത്തിയത്. സുരക്ഷപദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അബൂദബി നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടം.
സി.സി.ടി.വി നിരീക്ഷണത്തിനുള്ള നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം, കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ജനങ്ങളും പൊലീസും തമ്മിലുള്ള വിശ്വസനീയമായ ബന്ധം വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങി നഗരം നടപ്പാക്കുന്ന സമഗ്ര സുരക്ഷ മാതൃകയും സുരക്ഷിത നഗരഖ്യാതി സ്വന്തമാക്കാന്‍ അബൂദബിയെ സഹായിച്ചു.
തുടര്‍ച്ചയായ ഒമ്പതാം തവണയും സുരക്ഷിത നഗരപട്ടം കരസ്ഥമാക്കിയത് അഭിമാനകരമാണെന്ന് പ്രതികരിച്ച അബൂദബി സര്‍ക്കാര്‍ വക്താവ് രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണവും ജനങ്ങളുടെ കഠിനാധ്വാനവുമില്ലെങ്കില് ഇത്തരമൊരു നേട്ടം സാധ്യമാവുകയില്ലായിരുന്നൂവെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിലും മുന്‍പന്തിയിലുള്ള യു.എ.ഇയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് അബൂദബി എമിറേറ്റ്സ്. സ്ത്രീകള്‍ക്ക് ഭയാശങ്കകളില്ലാതെ ഏതു രാവിലും തെരുവുകളിലൂടെ നടക്കാനാവുമെന്നാണ് ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി പുറത്തുവിട്ട സ്ത്രീകള്‍, സമാധാന, സുരക്ഷ സൂചിക വ്യക്തമാക്കുന്നത്.
നഗരമെന്ന രീതിയില്‍ അനുദിനം വലിയതോതില്‍ വളര്‍ച്ച നേടുകയും എന്നാല്‍ സ്വൈരജീവിതം ഉറപ്പാക്കുന്നതിന് നിയമം കര്‍ശനമായി നടപ്പാക്കുകയും മികച്ച രീതിയിലുള്ള നഗരാസൂത്രണം പ്രാവര്‍ത്തികമാക്കുന്നതുമാണ് അബൂദബിയെ ലോകത്ത് മികവുറ്റതാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജീവിതവും ജോലിയും ലഭ്യമാക്കുന്ന ഇടങ്ങളെക്കുറിച്ച് എച്ച്.എസ്.ബി.സി പുറത്തുവിട്ട 14ാമത് എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തില്‍ നാലാം സ്ഥാനം യു.എ.ഇ നേടിയിരുന്നു.
വീട് വിട്ട് മറ്റൊരു വീടായി യു.എ.ഇയെ കാണുന്ന മുസ്ലിം ഇതര പ്രവാസികള്‍ക്കായി നിയമനിര്‍മാണം നടത്തിപ്പോലും അബൂദബി ലോകത്തെ ഞെട്ടിച്ചു. അബൂദബിയെ സംഗീതനഗരമായി യുനസ്കോ ക്രിയേറ്റിവ് സിറ്റീസ് നെറ്റ് വര്‍ക്ക് നാമകരണം ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ആദ്യ സൈക്ലിങ് സൗഹൃദ നഗരമെന്ന ഖ്യാതിയും (ബൈക്ക് സിറ്റി) അബൂദബിക്കു സ്വന്തമാണ്. നോര്‍വേ, കോപന്ഹേഗന്, ഗ്ലാസ്ഗോ, പാരീസ്, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബി ബൈക്ക് സിറ്റി പട്ടം നേടിയത്.
