ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു.
രാവിലെ ആരംഭിച്ച ദുഖവെള്ളി ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുത്തു. അബുദാബിയിലെ പള്ളികളില്‍ കുരിശേന്തിയുള്ള പ്രദക്ഷിണം, നോമ്പുവിടല്‍ എന്നിവയുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു.
പുരോഹിതര്‍ നേതൃത്വം നല്കിയ പ്രദക്ഷിണ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് വിശ്വാസികള്‍ പങ്കെടുത്തത്. കുരിശുമരണത്തിന്റെ സ്മരണയില്‍ വിശ്വാസികള്‍ എടുക്കുന്ന നോമ്പു നേര്ച്ചക്കഞ്ഞികുടിച്ച് പൂര്‍ത്തിയാക്കുന്ന ചടങ്ങും നടന്നു.
ഷാര്‍ജ, ദുബായ്, അബുദാബി, അല്‍ ഐന്‍ പള്ളികളില്‍ നടന്ന വിവിധ ചടങ്ങുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
അബുദാബി മുസഫ സെയിന്റ് പോള്‍സ് കതോലിക്കാ ദേവലയത്തില്‍ രാവിലെ നഗരി കാണിക്കല്‍ ചടങ്ങു നടന്നു. ചടങ്ങുകള്‍ക്ക് ഫാ മാതൃ്യൂസ് ആലുമ്മൂട്ടില്‍ നേതൃത്വം നല്കി. അബുദാബി സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലങ്കര സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മുഖ്യ കാര്‍മികത്വം നല്കി.
റാസല്‍ഖൈമയില്‍ മലങ്കര സഭ വിശ്വാസികള്‍ക്കായി സെന്റ് അന്തോണി ഓഫ് പാദുവ ദേവാലയത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. മലങ്കര കതോലിക്കാ സഭാ യുഎഇ കോ ഓര്‍ഡിനേറ്റര്‍ ഫാ ഡോ റെജി മനക്കലേത്ത് നേതൃത്വം നല്കി.
ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും കുര്‍ബാനയും ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ വിവിധ ദേവലായങ്ങളില്‍ നടക്കും.
അബുദാബിയില്‍ പള്ളികളില്‍ നേരിട്ടെത്താന്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും അല്‍ ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് നിലനിര്‍ത്തുകയും വേണം. എല്ലാ പള്ളികളിലും ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.











