കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ പാസ് കാലാവധി പതിനാല് ദിവസമായി കുറച്ചത്.
അബുദാബി : കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അബുദാബിയില്‍ കര്‍ശന നടപടികള്‍.
മുഖാവരണത്തിന് നല്‍കിയിരുന്ന ഇളവുകള്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. മുഖാവരണം ഇല്ലാതെ പൊതുസ്ഥലത്ത് കണ്ടാല്‍ മുവ്വായിരം ദിര്‍ഹം പിഴ ചുമുത്തുന്നുണ്ട്.
ഇതിനായി പോലീസ് സംഘം സൈക്കിളുകളില്‍ പോലും പട്രോള്‍ നടത്തുന്നതായാണ് വിവരം.
പോലീസിന്റെ കര്‍ശന നടപടികളെ തുടര്‍ന്ന് മുഖാവരണം ധരിക്കലും സാമൂഹിക അകലം പാലിക്കലും വീണ്ടും ശക്തമായി നടപ്പിലാക്കുന്നുണ്ട്.
ഇതിനിടെ, അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കാനായി പിസിആര്‍ എല്ലാ പതിമൂന്ന് ദിവസം കൂടുന്തോറും എടുക്കേണ്ടതായി വന്നതോടെ പിസിആര്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ വലിയ ക്യൂ ദൃശ്യമാകുന്നുണ്ട്.
വ്യവസായ മേഖലയില്‍ ലേബര്‍ ക്യാമ്പുകളും മറ്റും ഉള്ള ഇടങ്ങളിലെ പിസിആര്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളിലാണ് വലിയ ക്യു കാണാനാകുന്നത്.
വേനല്‍ക്കാലമായതിനാല്‍ രാവിലെ പതിനൊന്നു കഴിഞ്ഞാല്‍ താപനില 50 ഡിഗ്രിയോളം എത്തുന്ന സാഹചര്യത്തില്‍ പുറത്ത് ക്യൂ നില്‍ക്കുന്നത് സൂര്യാഘാതത്തിനും മറ്റും വഴിയൊരുക്കുമെന്നതിനാല്‍, ഈ സമയങ്ങള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പല പിസിആര്‍ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രിയിലും ടെസ്റ്റ് നടത്താന്‍ വരാവുന്നതാണ്.
ടെസ്റ്റ് നടത്തിയാല്‍ തന്നെ ഫലം വൈകുന്ന അനുഭവവും ഉണ്ടാകുന്നുണ്ട്. 12 മണിക്കൂറിനുള്ളില്‍ വരുന്ന ഫലം ഇപ്പോള്‍ 23 മണിക്കൂറിലും വൈകിയാണ് എത്തുന്നത്.












