അബഹ : സൗദിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അബഹയിലേക്കുള്ള പ്രധാന ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ ജഅദ് ചുരംയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, പ്രതിദിനം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഈ വഴി ഭാഗികമായി അടച്ചിടുമെന്ന് അസീർ മേഖല റോഡ്സ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഓഗസ്റ്റ് 24 വരെ, ഔദ്യോഗിക അവധി ദിവസങ്ങൾ ഒഴികെ, നിയന്ത്രണം തുടരുമെന്നും അറിയിപ്പിൽ പറയുന്നു. തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുകയും, റോഡ് പരിപാലന പ്രവർത്തനങ്ങൾ സുരക്ഷിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.
വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ എത്രയും മുമ്പ് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യണമെന്നും, പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്നും അസീർ ട്രാൻസ്പോർട്ട് അധികൃതർ അഭ്യർത്ഥിച്ചു.
വിഷൻ 2030-ന് അനുസരിച്ച് റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. വിവിധ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്ന അബഹ, മഴ, മഞ്ഞ്, തണുപ്പ് എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ്. ജൂലൈയിൽ സ്കൂൾ അവധിയെത്തുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളും അവധിക്കാലം ചെലവഴിക്കാനായി ഇവിടെ എത്താറുണ്ട്.









