ദുബായ് : നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, ദുബായിൽ എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയായി. അമേരിക്കയിൽ ആസ്ഥാനംവെച്ച ജോബി ഏവിയേഷൻ വികസിപ്പിച്ച ഈ എയർ ടാക്സിയാണ് ആദ്യമായി ദുബായിൽ പരീക്ഷണം നടത്തിയത്.
ഈ ചരിത്രപരമായ പരീക്ഷണത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് നടത്തിയത്.
2026 ൽ സേവനം തുടങ്ങും
2026-നകം എയർ ടാക്സി സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് ദുബായ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി ആദ്യ പരീക്ഷണ പറക്കൽ നടത്തിയത് ദുബായുടെ നവീകരണ ദൗത്യത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
“ദൂരങ്ങൾ കുറയ്ക്കുകയും, ഗതാഗതം ദ്രുതഗതിയിലാക്കുകയും, ദുബായിലെ ജീവിത നിലവാരം ഉയർത്തുകയും, നഗര ഗതാഗതത്തിന്റെ ഭാവിയെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രൂപത്തിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർടിഎ–ജോബി ഏവിയേഷൻ പങ്കാളിത്തം
ഈ വിജയകരമായ പരീക്ഷണം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA), ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (eVTOL) വിമാന നിർമ്മാതാക്കളായ ജോബി ഏവിയേഷനും തമ്മിലുള്ള സാങ്കേതിക സഹകരണത്തിന്റെ ഫലമാണ്.
നഗരഗതാഗതത്തിന്റെ ഭാവി
- ദുബായ് എയർ ടാക്സി പദ്ധതി നവീകരണത്തിന്റെയും ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്നതിലൂടെയും നഗരം ആഗോള തലത്തിൽ മുൻനിരയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.
- ഈ പരീക്ഷണ പറക്കൽ ഭാവിയിലെ നഗര ജീവിതം പുനർനിർമിക്കാൻ ദുബായ് സ്വീകരിക്കുന്ന ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്.