ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി20 താരം കളിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയ 2007 ലോക ടി20യിലും 2011 വേള്‍ഡ് കപ്പ് ടീമിലും അംഗമായിരുന്നു.
ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇര്‍ഫാന്‍ പഠാന്റെ സഹോദരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പിലും പങ്കെടുക്കാന്‍ സാധിച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റിയതും തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണെന്ന് യൂസുഫ് പഠാന!് പറയുന്നു. ധോണിയുടെ കീഴില്‍ അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റവും ഐപിഎല്ലില്‍ ഷെയ്ന്‍ വോണിനൊപ്പമുള്ള അരങ്ങേറ്റവും ജേക്കബ് മാര്‍ട്ടിന്റെ കീഴില്‍ രഞ്ജി അരങ്ങേറ്റവും ഓര്‍ത്തെടുത്ത യൂസുഫ് പഠാന്‍ തന്നെ വിശ്വസിച്ച ക്യാപ്റ്റന്‍മാര്‍ക്ക് നന്ദിയും രേഖപ്പെടുത്തി.
I thank my family, friends, fans, teams, coaches and the whole country wholeheartedly for all the support and love. #retirement pic.twitter.com/usOzxer9CE
— Yusuf Pathan (@iamyusufpathan) February 26, 2021
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് തവണ നേടാനായതില്‍ ഗൗതം ഗാംഭീറിനും യൂസുഫ് പഠാന്‍ നന്ദി പറയുന്നു. കരിയറിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലും തനിക്കൊപ്പം എന്നും നിന്ന സഹോദരന്‍ ഇര്‍ഫാന്‍ പഠാനേയും യൂസുഫ് പഠാന്‍ അനുസ്മരിച്ചു.
രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി കളിക്കാന്‍ തനിക്ക് അവസരം തന്ന ബിസിസിഐക്കും ബിസിഎയ്ക്കും നന്ദി പറഞ്ഞാണ് യൂസുഫ് പഠാന്‍ തന്റെ വിടവാങ്ങല്‍ കുറിപ്പ് അവസാനിപ്പിച്ചത്.
ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശത്തെ തടുക്കാന്‍ മറ്റൊന്നിനും സാധിക്കില്ലെന്ന് പറഞ്ഞ യൂസുഫ് ഭാവിയിലും താന്‍ വിനോദകാഴ്ച്ചകളുമായി ഉണ്ടാകുമെന്നും ഉറപ്പു നല്‍കുന്നു.
പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും രാജ്യത്തിന് മുഴുവനും നന്ദി പറഞ്ഞാണ് യൂസുഫ് പഠാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ രണ്ടു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 810 റണ്‍സ് യൂസുഫ് പഠാന!് നേടിയിട്ടുണ്ട്. ടി20യില്‍ 236 റണ്‍സാണ് നേടിയത്. 2012 മാര്‍ച്ചില്‍ പാകിസ്താനെതിരെയാണ് യൂസുഫ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇതേ വര്‍ഷം മാര്‍ച്ചില്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യും കളിച്ചു.