വീടുകളില്‍ നിര്‍മിക്കുന്ന കേക്കുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇനി ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. ലൈസന്‍സില്ലാതെ വീടുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ നിര്‍മാണമോ വില്‍പനയോ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഇവര്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം.
ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി സ്റ്റോഴ്‌സ്, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകള്‍, ഭക്ഷണം പാചകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്നവര്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, പെട്ടിക്കടകള്‍, ഹോംമെയ്ഡ് കേക്കുകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നവര്‍ക്ക് ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.
രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപവരെ പിഴയും മൂന്നു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ലോക്ക്ഡൗണില്‍ ജീവിതം ലോക്കായതോടെയാണ് അധിക വീട്ടമ്മമാരും യു ട്യൂബ് വഴിയും മറ്റും വിവിധ തരം കേക്ക് ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം പഠിച്ചെടുത്ത് വില്‍പന ആരംഭിച്ചത്. ഗുണനിലവാരം ഉള്ളതിനാലും കടകളില്‍ ലഭിക്കുന്ന കേക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവയുടെ വില്‍പനയെന്നതിനാലും ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ വന്‍ തോതിലാണ് വില്‍പന.
ലോക്ക്ഡൗണില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയില്‍നിന്ന് കരകയറ്റിയതും കേക്ക് നിര്‍മാണ ബിസിനസിലൂടെയായിരുന്നു. എന്നാല്‍ ഇതിന് തടയിടുന്ന നടപടികളുമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തുവന്നിരിക്കുന്നത്. നിയമം കര്‍ശനമാക്കിയതില്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.