സഭാ തര്‍ക്ക വിഷയങ്ങളില്‍ യാക്കോബായ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നും പള്ളി ഏറ്റെടുക്കല്‍ തടയണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ അറിയിച്ചു.
ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തീമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാരാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുള്ളതായും സഭ പ്രതിനിധി ജോസഫ് മാര്‍ ഗ്രിഗേറിയോസ് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്നലെ ഓര്‍ത്തഡോക്‌സ് പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്ക് ഓര്‍ത്തഡോക്സ് സഭക്കാര്‍ തയ്യാറായിട്ടില്ല. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓര്‍ത്തഡോക്സ്-യാക്കോബായ പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളതെന്ന് പി.എസ് ശ്രീധരന്‍പിള്ള. പ്രശ്‌ന പരിഹാരത്തിന് സഭകള്‍ തീരുമാനമെടുക്കണം. ഇരുവിഭാഗവും സമന്വയത്തിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.