വാഷിങ്ടണ്‍ ഡിസി: 46-മാത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍. സമാധാനവും സഹകരണവും സൃഷ്ടിക്കാന്‍ കഴിയട്ടെയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ആശംസിച്ചു. മുന്‍കാലങ്ങളിലെ അമേരിക്കയുടെ കറകള്‍ ബൈഡന്‍ മായിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ബൈഡനെയും കമലയെയും അഭിനന്ദിച്ചത്. ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബൈഡനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യ-യുഎസ് പങ്കാളിത്തം. ദൃഢതയാര്‍ന്നതും ബഹുമുഖവുമായ ഒരു ഉഭയകക്ഷി അജണ്ട നമുക്കുണ്ട്. വളര്‍ന്നു വരുന്ന സാമ്പത്തിക ഇടപെടലുകളും ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഊര്‍ജ്ജസ്വലമായ ബന്ധവും നമുക്കുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞബദ്ധനാണെന്നും മോദി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ തുടങ്ങിയവരും ബൈഡനെയും കലമല ഹാരിസിനെയും അഭിനന്ദിച്ചു രംഗത്തെത്തി.