കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇത്തരത്തിലുളള സംഭവങ്ങളില്‍ ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ ഇന്നലെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ദുരനുഭവം വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ തൊട്ടെന്നും തങ്ങളെ പിന്തുടര്‍ന്നെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്ന് നടിയും കുടുംബവും വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയാ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.











