വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ഇരച്ചു കയറി. കലാപകാരികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ സുരക്ഷാ വലയം ഭേദിച്ച് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാ വീഴ്ച സംഭവിക്കുന്നത്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ അവശ്യ സേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേര്‍ന്നുളള അലക്സാണ്ട്രിയ, അര്‍ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.