കെ.അരവിന്ദ്
കഴിഞ്ഞു പോയ വാരം നിഫ്‌റ്റി 12,000 പോയിന്റ് എന്ന പ്രതിരോധ നിലവാരത്തില്‍ തൊട്ടതിനു ശേഷം വില്‍പ്പന സമ്മര്‍ദം നേരിടുന്നതാണ് കണ്ടത്. പ്രധാനമായും അത് ഉയര്‍ന്ന നിലവാരത്തിലുള്ള ലാഭമെടുപ്പോടെയാണ് തുടങ്ങിയത്. 12,000 പോയിന്റ് എന്നത്
വൈകാരികമായി ഒരു പ്രതിരോധ നിലവാരമായതിനാല്‍ ആ നിലവാരത്തില്‍ ചെറിയ തോതില്‍ ലാഭമെടുപ്പ് നടത്താന്‍ നിക്ഷേപകര്‍ തയാറാവുകയായിരുന്നു. വിപണിയിലുണ്ടായ മുന്നേറ്റത്തില്‍ നേട്ടം കൊയ്‌ത ഐടി, ഫാര്‍മ ഓഹരികളിലും റിലയന്‍സ് ഇന്റസ്‌ട്രീസിലും ലാഭമെടുപ്പ് ദൃശ്യമായി. എന്നാല്‍ പിന്നീട് ആഗോള സൂചനകളെ തുടര്‍ന്ന് 350 പോയിന്റോളം നിഫ്‌റ്റി കുത്തനെ ഇടിയുന്ന സ്ഥിതിയിലേക്ക് ഈ ലാഭമെടുപ്പ് മാറി.
യൂറോപ്പില്‍ കോവിഡിന്റെ സെക്കന്റ് വേവ് വരുന്നുവെന്ന ആശങ്കയാണ് ആഗോള വിപണിയെ പൊടുന്നനെ വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചത്. ഫ്രാന്‍സില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിന് പുറമെ തെക്കന്‍ ചൈന സമുദ്രത്തില്‍ ചൈനയും യുഎസും തമ്മിലുണ്ടായ സംഘര്‍ഷവും വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന് ശക്തി കൂട്ടി.
മൊറട്ടോറിയം കാലയളവില്‍ പലിശക്കു മേല്‍ പലിശ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വാദം നവംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചത് ബാങ്കിങ് ഓഹരികളില്‍ കരകയറ്റത്തിന് ചെറിയ തോതില്‍ വഴിയൊരുക്കി. പക്ഷേ അത് നീണ്ടുനില്‍ക്കാതെ ബാങ്കിങ് ഓഹരികള്‍ ശക്തമായ ചാഞ്ചാട്ടത്തിന് വിധേയമാകുന്നതാണ് കണ്ടത്.
ഉത്സവസീസണില്‍ വില്‍പ്പന കൂടാനുള്ള സാധ്യതയും കോവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടിവരുന്നതുമാണ് വിപണിയെ സംബന്ധിച്ചിടത്തോളം അനുകൂലഘടകങ്ങള്‍. അതേ സമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വിപണിയില്‍ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
11,800 പോയിന്റ് എന്ന സുപ്രധാന നിലവാരത്തിന് താഴെ നിഫ്‌റ്റി നില്‍ക്കുന്നിടത്തോളം വിപണി അല്‍പ്പം ദുര്‍ബലമായി തുടരാനാണ് സാധ്യത. അടുത്ത താങ്ങ് നിലവാരം 11,550 പോയിന്റാണ്. പ്രതിരോധം 12,000 പോയിന്റിലാണ്. ഈ നിലവാരത്തിനുള്ളില്‍ കുറച്ചുനാളത്തേക്ക് വിപണി വ്യാപാരം ചെയ്യാനാണ് സാധ്യത. കടുത്ത ചാഞ്ചാട്ടമായിരിക്കും വിപണിയില്‍ ദൃശ്യമാകാന്‍ സാധ്യത. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ കരുതല്‍ പാലിക്കേണ്ടതുണ്ട്.



















