കെ.അരവിന്ദ്
പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേര്‍ഡ് ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാകാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ആത്മഹത്യക്ക് കവറേജ് ലഭിക്കുമോ?
പോളിസി എടുത്തതിനു ശേഷമുള്ള കാലയളവ് അനുസരിച്ചാണ് ആത്മഹത്യക്ക് കവറേജ് നല്‍കുന്നതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനമെടുക്കുന്നത്. സാധാരണ നിലയില്‍ പോളിസി എടുത്തതിനു ശേഷം 12 മാസങ്ങള്‍ കഴിഞ്ഞാണ് ആത്മഹത്യ നടക്കുന്നതെങ്കില്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതാണ്. അതേ സമയം ആത്മഹത്യക്ക് കവറേജ് സംബന്ധിച്ച് പോളിസി രേഖയില്‍ എന്താണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്.
പോളിസി എടുത്ത് 12 മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുക ലഭിക്കില്ല എന്ന വ്യവസ്ഥ വെച്ചിരിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ റിസ്‌ക് ഒഴിവാക്കാനാണ്. കനത്ത കടബാധ്യത പോലുള്ള പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുന്ന ഒരാള്‍ പോളിസി എടുത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നതു പോലുള്ള സാഹചര്യങ്ങളു ണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വരാവുന്ന ബാധ്യത ഒഴിവാക്കാനാണ് ഇത്.
2014ന് ശേഷം വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതുവരെ അടച്ച പ്രീമിയത്തിന്റെ 80 ശതമാനമോ സറണ്ടര്‍ വാല്യുവോ ഏതാണോ ഉയര്‍ന്ന തുക അത് നോമിനിക്ക് നല്‍കുമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം 2014ന് മുമ്പ് വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഒരു തുകയും ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ യൂണിറ്റ് ലിങ്ക്‌ഡ് പോളിസികളില്‍ ഫണ്ട് വാല്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ നല്‍കുന്ന തുകയെത്രയെന്ന് തീരുമാനിക്കുക.
മിക്കവാറും എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും 12 മാസത്തിനു ശേഷം ആത്മഹത്യയ്‌ക്ക് കവറേജ് ലഭ്യമാണ്. ടേം ഇന്‍ഷുറന്‍സ്, യുലിപ്, എന്‍ഡോവ്‌മെന്റ് പോളിസികള്‍ തുടങ്ങിയ വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഇത് ബാധകമാണ്.
ഒരു തവണ `ലാപ്‌സ്’ ആയ പോളിസി വീണ്ടും ആവശ്യമായ പ്രീമിയം തുക അടച്ച് സജീവമാക്കുകയാണെങ്കില്‍ 12 മാസം സംബന്ധിച്ച ചട്ടം ബാധകമാണ്. അതായത് ലാപ്‌സ് ആയ പോളിസി വീണ്ടും സജീവമാക്കിയതിനു ശേഷം 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ കവറേജ് ലഭ്യമാകില്ല. പോളിസി ഉടമ എന്തെങ്കിലും തെറ്റായ വിവരം പോളിസി എടുക്കുന്ന സമയത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ക്ലെയിം റദ്ദാക്കപ്പെടുന്നതിന് കാരണമാകാം.
ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാറുണ്ട്. ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സില്‍ ആത്മഹത്യയ്‌ക്ക് കവറേജ് ലഭിക്കില്ല. കാരണം ഇത്തരം പോളിസികളുടെ കാലയളവ് ഒരു വര്‍ഷമാണ്. പോളിസിയെടുത്ത് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ ആത്മഹത്യക്ക് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഇത്തരം പോളിസികളില്‍ കവറേജ് ലഭ്യമാകില്ല.


















