ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പരിചരണ സേവനം നല്‍കുന്നതിന് എല്‍.എം.ആര്‍.എയുടെ ലൈസന്‍സിന് പുറമേ, നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്‍.എ) ലൈസന്‍സുമുണ്ടായിരിക്കണം. അംഗീകാരമുള്ള ഏജന്‍സികളില്‍നിന്ന് മാത്രം സേവനം ലഭ്യമാക്കാന്‍ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ലൈസന്‍സുള്ള ഏജന്‍സികളുടെ വിവരങ്ങള്‍ എല്‍.എം.ആര്‍.എയുടെ വെബ്‌സൈറ്റില്‍ (www.lmra.bh) ലഭ്യമാണ്. ഓരോ ആഴ്ചയും ഈ വിവരങ്ങള്‍ പുതുക്കും. അംഗീകാരമില്ലാത്ത ഏജന്‍സികളില്‍നിന്ന് സേവനം തേടുന്നത് കുടുംബങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.