തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്നലെ ഇടുക്കി മുതല്‍ കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി.
ഓറഞ്ച് അലേര്‍ട്ടുള്ളയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്നു സംഘങ്ങള്‍ കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവരെ വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി വിന്യസിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. കേരള തീരത്ത് നാളെ വരെ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാനും സാധ്യതയുണ്ട്.











