ജനീവ: കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന് 73-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വെര്‍ച്വലായി നടന്ന പരിപാടിയില്‍ കോവിഡിന് ശാസ്ത്രം കൊണ്ട് ലോകം പരിഹാരം കാണുമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടാന്‍ ലോകം തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
കോവിഡ് പോലുള്ള മഹാമാരികളെ നേരിടുന്നതിനും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തയ്യാറെടുക്കുന്നതിനും പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും ഡബ്ല്യു.എച്ച്.ഒ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ അറിയിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സുസ്ഥിരതയ്ക്കുള്ള അടിസ്ഥാനം ആരോഗ്യമാണെന്ന തിരിച്ചറിവാണ് കോവിഡ് മഹാമാരി നല്‍കിയത്.
കോവിഡ് വിട്ടൊഴിഞ്ഞാലും ഈ തിരിച്ചറിവില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്നോട്ട് പോകരുതെന്നും കോവിഡ് പോലുള്ള മാഹാമാരികളെ നേരിടാന്‍ ലോകം എപ്പോഴും തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്ത് ആദ്യമായി ഒരു മഹാമാരിക്കെതിരെ പോരാടാന്‍ അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ഐക്യത്തിനാണ് കോവിഡ് സാക്ഷ്യം വഹിച്ചതെന്ന് പറഞ്ഞ ഡബ്ല്യു.എച്ച്.ഒ, വാക്സിന്‍ വികസനത്തിനായുള്ള ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.