ജനീവ: കോവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം. കോവിഡിനെ തടയുന്നതിനു വേണ്ടി നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണുളളത്. വൈറസിനെ പ്രതിരോധിക്കുന്നതിനുളള ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡിനെ നേരിടാന്‍ ഒരു ഒറ്റമൂലി പരിഹാരം നിലവില്‍ ഇല്ലെന്നും ഇനി ചിലപ്പോള്‍ അത് ഉണ്ടായില്ലെന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനുകളുടെ അവസാനഘട്ട ഫലത്തിനായി കാക്കുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്് ധരിക്കുക, കൈകള്‍ കഴുകുക, കോവിഡ് പരിശോധനകള്‍ വ്യാപകമാക്കുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോളതലത്തില്‍ 18 ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 697180 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.