ഇപ്പോള്‍ വിവാഹങ്ങളെക്കാള്‍ ഏറെ ട്രന്‍ഡായി മാറിയിരിക്കുന്ന ഒന്നാണ് ബ്രൈഡല്‍ ഫോട്ടോഷൂട്ട്. തങ്ങളുടെ ഫോട്ടോഷൂട്ടില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ വേറിട്ട പരീക്ഷണങ്ങളാണ് ഓരോ ദമ്പതിമാരും നടത്തുന്നത്. ഇങ്ങനെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തി വൈറലായ പല ദമ്പതികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എത്രപേര്‍ക്കറിയാം. അവ കാണാനാഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. അത്തരത്തില്‍ ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടിനെ പശ്ചാത്തലമാക്കി സില്‍വര്‍ വേവ് എന്റര്‍ടെയിന്‍മെന്റും ബാഗ് ഓഫ് സ്‌ക്രിപ്റ്റ്സും ചേര്‍ന്ന് ഒരു മ്യൂസിക്കല്‍ ലൗ സ്‌റ്റോറി ഒരുക്കിയിരിക്കുകയാണ്. ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെ നടക്കുന്ന വേറിട്ട കഥയാണ് ‘വെണ്‍ ലൗ ക്ലിക്‌സി’ലൂടെ അവതരിപ്പിക്കുന്നത്.
ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെ ക്യാമറാമാന്റെ ലെന്‍സില്‍ പതിയുന്ന റിസോര്‍ട്ട് ഗസ്റ്റ് കോഓര്‍ഡിനേറ്റ് പെണ്‍കുട്ടിയുമായുളള അയാളുടെ പ്രണയത്തെയാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വെണ്‍ ലൗ ക്ലിക്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സി.ആന്റണിയാണ്. ഗോവിന്ദ് കൃഷ്ണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് ജിയോ മൈക്കല്‍ ആണ്. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രസിദ്ധനായ നന്ദു കിഷോര്‍ ബാബുവാണ് രാജകൊട്ടാരത്തില്‍ എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത്. ഔസേപ്പച്ചന്‍ വാഴയിലാണ് ഗാനം പ്രോഗ്രാം ചെയതത്. ബിജു ജെയിംസാണ് മിക്‌സിംഗും മാസ്റ്ററിംഗും ചെയ്തത്. കൃഷ്ണകുമാര്‍ മേനോന്‍ ക്രിയേറ്റീവ് ഡയറക്ടറായ ഈ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത് ഗോപീകൃഷ്ണന്‍ നായരാണ്. ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് നിഷാദ് എം വൈ, എഡിറ്റിംഗ് സനൂപ് എ. എസ് ആണ്. ഡ്രോണ്‍ ഷോട്ടുകളുള്‍പ്പെടെ വൈക്കം ചെമ്മനാകരിയിലെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് മ്യൂസിക്കല്‍ വീഡിയോയുടെ ഭംഗി കൂട്ടുന്നത്.