മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക.
തീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാന്റെ തെക്കന്‍ തീരത്തും പടിഞ്ഞാറന്‍ യമനിലും മഴ ലഭിക്കാനിടയുണ്ട്. ന്യൂനമര്‍ദം അതിതീവ്രമായി മാറിയേക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അറിയിച്ചു. വ്യാഴാഴ്ച ഒമാന്റെ കടലിന്റെ തീരപ്രദേശങ്ങള്‍ പൊതുവെ മേഘാവൃതമായിരുന്നു. ചൂടും കുറവായിരുന്നു. വ്യാഴാഴ്ച രാവിലെ മസ്‌കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ചാറ്റല്‍മഴ ലഭിച്ചു.